This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോര്‍ അസറ്റാല്‍ഡിഹൈഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോര്‍ അസറ്റാല്‍ഡിഹൈഡ്

അസറ്റാല്‍ഡിഹൈഡിന്റെ ഒരു ക്ലോറിന്‍ വ്യുത്പന്നം. ക്ലോറോ അസറ്റാല്‍ഡിഹൈഡ് എന്നും വിളിക്കാം. ഫോര്‍മുല : ClCH2CHO. നിറമില്ലാത്തതും തെളിഞ്ഞതും രൂക്ഷഗന്ധമുള്ളതുമായൊരു ദ്രാവകമാണിത്. ഇതിന്റെ 40 ശതമാനം ജലലായനിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇത് 90°C-നും 100°C-നും ഇടയ്ക്കു തിളയ്ക്കും. ഉറയല്‍നില-16.3°C. ആപേക്ഷിക സാന്ദ്രത 1.19. ക്ലോര്‍ അസറ്റാല്‍ഡിഹൈഡ് ജലംകൂടാതെ മെഥനോള്‍, അസറ്റോണ്‍ തുടങ്ങിയ ലായകങ്ങളിലും ലയിക്കും. ജലത്തില്‍ ഇതിന്റെ സാന്ദ്രത വര്‍ധിച്ച് 50 ശതമാനത്തില്‍ കൂടുതലായാല്‍ ക്ലോര്‍ അസറ്റാല്‍ഡിഹൈഡ് ഹെമിഹൈഡ്രേറ്റ് എന്ന യൗഗികം ഉണ്ടാകും. ഇത് ജലത്തില്‍ അലേയമായൊരു ഖരവസ്തുവാണ്. ശുദ്ധരൂപത്തിലുള്ള ക്ലോര്‍ അസറ്റാല്‍ഡിഹൈഡ് കത്തുന്നൊരു വസ്തുവാണ്. ഫ്ളാഷ് പോയിന്റ് 87.77°C. വീര്യമേറിയൊരു വിഷവസ്തുവാണിത്. തുറന്നിരുന്നാല്‍ ബാഷ്പീകരിക്കാന്‍ തുടങ്ങും. വായുവില്‍ ഇതിന്റെ അളവ് 1 PPM-ല്‍ കൂടുതലായാല്‍ (അതായത് ഒരു ഘന മീ. വായുവില്‍ ഇതിന്റെ അളവ് 3 മി. ഗ്രാമില്‍ കൂടുതലായാല്‍) ആ വായു ശ്വസനയോഗ്യമല്ലാതാകും. വിഷവീര്യം കൂടുതലാണെങ്കിലും നിരവധി സംസ്ലേഷണ പ്രക്രിയകളില്‍ ഇതൊരു മധ്യവര്‍ത്തി യൗഗികമായി പ്രയോജനപ്പെടുന്നു. ഒരു നല്ല കവകനാശിനി (fungicide) കൂടിയാണിത്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍